റിയാദ്: രണ്ടാഴ്ചത്തെ ശക്തിപ്പെടലിന് ശേഷം സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 4,622 പേര്‍ സുഖം പ്രാപിച്ചു.
ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,47,819 ഉം രോഗമുക്തരുടെ എണ്ണം 5,94,762 ഉം ആയി. 8,918 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 44,139 രോഗികളില്‍ 637 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.8 ശതമാനവും മരണനിരക്ക് 1.4 ശതമാനവുമായി.
24 മണിക്കൂറിനിടെ 142,887 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. പുതുതായി റിയാദ് 1,194, ജിദ്ദ 670, ദമ്മാം 159, മക്ക 228, ജിസാന്‍ 173, മദീന 155 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,841,337 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,312,053 ആദ്യ ഡോസും 23,533,435 രണ്ടാം ഡോസും 5,995,849 ബൂസ്റ്റര്‍ ഡോസുമാണ്.