കണ്ണൂർ: അമ്മയുടെ ആൺസുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയുടെ പരാതി മനുഷ്യാവകാശ കമീഷൻ തള്ളി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി പരാതി സമർപ്പിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.പോക്സോ കേസിലെ പ്രതി വെള്ളച്ചാൽ മുട്ടം സ്വദേശി കെ. ഇർഷാദിന്റെ പരാതിയാണ് കമീഷൻ തള്ളിയത്. താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുടെ ഭർത്താവ് സ്വന്തം മക്കളെ ഉപയോഗിച്ച് തന്നെ പോക്സോ കേസിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.കണ്ണപുരം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഭർത്താവുമായി അകന്നുകഴിയുന്ന പൂങ്കാവ് സ്വദേശിനിയുടെ വീട്ടിൽ പ്രതി പതിവായി എത്താറുണ്ടായിരുന്നതായി പറയുന്നു. ക്രിസ്മസ് സമയത്താണ് തന്നെയും അനുജത്തിയെയും പ്രതി ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചതെന്ന് മൂത്ത പെൺകുട്ടി ക്ലാസ് അധ്യാപികയെ അറിയിച്ചത്. അധ്യാപിക ചൈൽഡ് ലൈനിൽ വിവരം നൽകുകയും അവരുടെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു.