തിരുവനന്തപുരം: ലഹരി കടത്തിയ കേസിലെ പ്രധാനി ഉൾപ്പെടെയുള്ള ഗുണ്ടാസംഘം ആറ്റിങ്ങൽ പൊലീസിന്‍റെ പിടിയിലായി. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച കേസിലെ പ്രതികളായ അഞ്ചുതെങ്ങ് കായിക്കര അയ്യപ്പൻ തോട്ടം വീട്ടിൽ സാംസൺ (30 -സാബു), തോന്നയ്ക്കൽ കുടവൂർ ശാസ്താംകാവിന് സമീപം ലാൽ ഭവനിൽ ഗോകുൽ (25) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം പത്തിന് ആറ്റിങ്ങൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ അപ്പുക്കുട്ടനെയും സനീതിനെയും ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ അന്വേഷിച്ചുവരികയായിരുന്നു. അസംബ്ലി മുക്കിൽനിന്നാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കലിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നാണ് സാംസണെ പിടികൂടിയത്.
സാംസൺ അഞ്ചുതെങ്ങ് സ്റ്റേഷൻ പരിധിയിലെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടശേഷം കല്ലുവാതുക്കലിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ടി. ജയകുമാറിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡാൻസഫ് ടീം അംഗങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.