തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിൽ പോകുന്ന വഴിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് മൂന്ന് വർഷം തടവും 30,000 രൂപ പിഴയ്ക്കും. പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റിച്ചൽ കോട്ടൂർ കരണ്ടകംചിറ പ്രദീപ് ഭവനിൽ പ്രസാദ്(41)നെയാണ് കാട്ടാക്കട പോക്സോ അതിവേഗ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മൂന്ന് വർഷം തടവും 10,000രൂപ പിഴയും,സ്ത്രീത്വത്തെ അപമാനിച്ചതിന് മൂന്ന് വർഷം തടവും 10,000രൂപ പിഴയും, പോക്സോ ആക്ട് പ്രകാരം മൂന്ന് വർഷം തടവും 30,000പിഴയുമാണ് വിധിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. അല്ലെങ്കിൽ അധികം ഒന്‍പത് മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017 നവംബർ 16നാണ് സംഭവം. സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ കാട്ടാക്കട ബസ് ഡിപ്പോയുടെ മുന്നിൽ വച്ച് കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി ബൈക്കിൽ കയറ്റി കൊണ്ടുപോയി ആളെഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബൈക്ക് നിർത്തിയപ്പോൾ ഇറങ്ങിയോടിയ പെൺകുട്ടിയെ വീണ്ടും തടയുകയും അവിടെനിന്നും പെൺകുട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. നെടുമങ്ങാട് ഡി.വൈ.എസ്.പി ബി.അനിൽകുമാർ, ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ ബി അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‍പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.