പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.
മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്സനായ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.