കൊല്ലം: സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോകും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാര്‍ബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതര്‍ കെട്ടിയ ചങ്ങല തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ അഴിച്ചുനീക്കും. വറുതിയുടെ നാളുകള്‍ അതിജീവിച്ച തീരദേശമേഖല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ചാകരക്കോളിന് വേണ്ടി.
അതേസമയം മഴകുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. മഴ കുറഞ്ഞതും ആഴക്കടല്‍ തണുക്കാതിരിക്കുന്നതും മത്സ്യലഭ്യതയെ ബാധിച്ചേക്കാമെന്നാണ് കൊല്ലം ശക്തികുളങ്ങരയിലെ മല്‍സ്യത്തൊഴിലാളിയായ ആല്‍ബട്ട് ന്യൂസ്18നോട് പറഞ്ഞത്. സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് മുമ്പ് മല്‍സ്യലഭ്യത വലിയ തോതില്‍ കുറഞ്ഞത് ഇതിന്റെ സൂചനയാണ്. ജൂണ്‍-ജൂലൈ മാസത്തില്‍ സാധാരണ ലഭിക്കുന്ന മഴ ഇത്തവണ ലഭിക്കാത്തത് ആശങ്ക ഉളവാകുന്നതാണെന്നും ആല്‍ബര്‍ട്ട് പറയുന്നു.