പാലക്കാട്: വടക്കഞ്ചേരിയില്‍ സഹകാര്‍ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോറിനായി ഓഹരി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. ഇരുന്നൂറോളം പേരില്‍ നിന്ന് ആയിരം മുതല്‍ മുപ്പതിനായിരം രൂപ വരെ പിരിച്ചെടുത്തതായി നിക്ഷേപകര്‍ പറയുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ നല്‍കുമെന്നും സഹകാര്‍ഭാരതി പ്രതിനിധികള്‍ പറഞ്ഞു. ആര്‍എസ്എഎസിന്റെ സഹകരണ വിഭാഗമാണ് സഹകാര്‍ ഭാരതി. സഹകാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമീണ്‍ സമൃദ്ധി ചാരിറ്റബിള്‍ സൊസൈറ്റിയാണ് വടക്കഞ്ചേരിയില്‍ 5 വര്‍ഷം മുമ്പ് സമൃദ്ധി സ്റ്റോര്‍ തുടങ്ങിയത്. നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തിട്ടും പലര്‍ക്കും ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചില്ല. വര്‍ഷങ്ങളായിട്ടും മുടക്കിയ തുകയുമില്ല. ലാഭവിഹിതവുമില്ല. ഒരു മാസമായി സമൃദ്ധി സ്റ്റോര്‍ അടഞ്ഞുകിടപ്പാണ്.
സമൃദ്ധി സ്റ്റോറിനായി നല്‍കിയ പണം തിരിച്ചു കിട്ടാന്‍ നടപടി വേണമെന്നാവശ്യപ്പട്ട് നിരവധി പേര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സഹകാര്‍ ഭാരതി പ്രതിനിധികള്‍ വ്യക്തമാക്കി.