കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്തു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റല്‍ തെളിവുകളുമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ അനുമതി. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ണമായി ചിത്രീകരിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യകത്മാക്കി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 9 മുതലാണ് ചോദ്യം ചെയ്യല്‍ നടക്കുക.
ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.കേസിലെ വി ഐ പി ശരത് ജി നായരെയും ചോദ്യം ചെയ്യും. എന്നാല്‍ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് ഹാജരാക്കിയത് പണമിടപാട് രേഖകളാണ്. ദിലീപിന്റെ വീട്ടിലെ റെയ്ഡില്‍ ഡിജിറ്റല്‍ വൗച്ചര്‍ കണ്ടെത്തി. ഉദ്യോഗസ്ഥരെ വകവരുത്തും എന്ന് പറഞ്ഞതിന്റെ തെളിവുകളും ഹാജരാക്കി.