അറേബ്യന്‍ നാടുകളില്‍ നിന്നുള്ള അതിഥിയായ ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. നല്ല മധുരമൂറുന്ന ഈ പഴം വളരെയധികം പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്. നാം സാധാരണയായി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ആപ്പിള്‍, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയൊക്കെയാണ് പതിവായി കഴിക്കാറുള്ളത്. എന്നാല്‍ ഈന്തപ്പഴം നല്‍കുന്ന ചില ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇത് ഒരിക്കലും നിങ്ങള്‍ ഒഴിവാക്കില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്ന ഒന്നാണ് ഈന്തപ്പഴം. ലോകം മുഴുവനായി ഏകദേശം 600 ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. അറബ് രാജ്യങ്ങളില്‍ വിളയുന്ന ഈ പഴത്തിന് മുസ്ലീം സമുദായത്തിനിടെയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇവ റംസാന്‍ മാസത്തില്‍ നോമ്പു തുറക്കലിന് ഉപയോഗിക്കുന്ന പ്രധാന വിഭവമാണ്. പരിശുദ്ധ ഖുറാനില്‍ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
പഴങ്ങളില്‍ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താല്‍ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.