തൃശൂര്‍: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്‌കാര ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ എത്താതിരുന്നതില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. എല്ലാ സ്ഥാലത്തും മന്ത്രിമാര്‍ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടില്ലെന്നും മന്ത്രി ബിന്ദു വിഷയത്തില്‍ പ്രതികരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതല്‍ പ്രചരണം നടത്തേണ്ടുന്ന സമയമാണിത്. സംഭവത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കലക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
സര്‍ക്കാര്‍ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.