പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന് പിന്നാലെ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ (20) ആണ് മരിച്ചത്. തുടര്‍പഠനത്തിനുള്ള വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അതുല്യ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അതുല്യ 2022ല്‍ ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ നഴ്സിങ്ങിന് കര്‍ണാടക കോളേജില്‍ പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പിന് കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഈ കാരണത്താല്‍ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ പറ്റാതെ പഠനം മുടങ്ങുകയും അതുല്യ പിന്നീട് നേരിട്ട് കോളേജില്‍ പതിനായിരം രൂപ അടച്ച് അഡ്മിഷന്‍ നേടുകയും ചെയ്തു. പിന്നീട് നാട്ടില്‍ തിരികെ എത്തി വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികള്‍ വായ്പ നല്‍കാന്‍ തയ്യാറായില്ല. സിബില്‍ സ്‌കോറിന്റെ പ്രശ്നം കൊണ്ടാണ് വായ്പ ലഭിക്കാതിരുന്നതെന്നാണ് അച്ഛന്‍ ഹരി പറയുന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് അതുല്യയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.