തിരുവനന്തപുരം : കോവിഡ് ബാധിച്ചവരുമായുള്ള പ്രാഥമികസമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ലഭിച്ചിരുന്ന ആനുകൂല്യം എടുത്തുകളഞ്ഞതോടെ, ഇനി കോവിഡ് ബാധിതരുമായി ഇടപഴകിയാലും ജീവനക്കാര്‍ ഓഫിസില്‍ എത്തണം. അല്ലെങ്കില്‍ സ്വയം അവധിയെടുത്ത് വീട്ടിലിരിക്കാം. കോവിഡ് ബാധിച്ചവര്‍ക്കുള്ള 7 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധിയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് മുഴുവന്‍ അനുവദിച്ചിട്ടുള്ള സ്‌പെഷല്‍ കാഷ്വല്‍ അവധിയും റദ്ദാക്കിയിട്ടില്ല. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആണെങ്കില്‍ ജീവനക്കാര്‍ അത് ഓഫിസില്‍ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷിക്കുകയും സാമൂഹിക അകലം അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും ഓഫിസില്‍ പാലിക്കുകയും വേണമെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രോഗലക്ഷണം ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുകയും വേണം. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ വകുപ്പ് മേധാവിയുടെ അനുമതിയോടെ ഒരാഴ്ചത്തേക്കും മറ്റുള്ളവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടാല്‍ 3 മുതല്‍ 7 ദിവസം വരെയും വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കടുപ്പിക്കാമെങ്കിലും ഇളവ് അനുവദിക്കാന്‍ പാടില്ലെന്നിരിക്കെയാണ് സംസ്ഥാനം സ്‌പെഷല്‍ കാഷ്വല്‍ അവധി റദ്ദാക്കിയതെന്നു സര്‍വീസ് സംഘടനകള്‍ പരാതിപ്പെട്ടു. പകരം വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുമില്ല. ഇത് സര്‍ക്കാര്‍ ഓഫിസുകളില്‍ കോവിഡ് വ്യാപിക്കാന്‍ ഇടയാക്കുമെന്നാണ് സംഘടനകളുടെ ആക്ഷേപം .
കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുമായ ജീവനക്കാര്‍ 7 ദിവസം കഴിഞ്ഞു പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ഓഫിസില്‍ ഹാജരാകണമെന്നായിരുന്നു സെപ്റ്റംബര്‍ 15ലെ ഉത്തരവ്. പരിശോധന നിര്‍ബന്ധമല്ലെന്നും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ 7 ദിവസം കഴിഞ്ഞു ഹാരാകണമെന്നും പിന്നീടു തിരുത്തി.