ലക്നൗ: ഏഴ് മാസം പ്രായമുള്ള ആണ്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള ഭ്രൂണം പുറത്തെടുത്തു. വയര്‍ വേദനയ്ക്ക് ചികിത്സ തേടിയ കുട്ടിയുടെ വയറിനുള്ളിലാണ് ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സരോജിനി നായിഡു ചിന്‍ഡ്രന്‍സ് ഹോസ്‍പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഡി കുമാര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിത്. വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ സ്വദേശിയായ കുട്ടിയുടെ അച്ഛനാണ് ജൂലൈ 24ന് സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിലെ ഒ.പി വിഭാഗത്തില്‍ കുട്ടിയെ കൊണ്ടുവന്നത്. കുഞ്ഞിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതും വേദനയുമായിരുന്നു ലക്ഷണങ്ങള്‍. പ്രസവ സമയത്ത് കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ കാരണം കണ്ടെത്താനാവാതെ വന്നതോടെ ഡോക്ടര്‍മാര്‍ സിടി സ്കാന്‍ നിര്‍ദേശിച്ചു. ഇതിലാണ് വയറിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു.
വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭ സമയത്ത് ഇരട്ട കുട്ടികളില്‍ ഒരാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലും രണ്ടാമത്തെയാള്‍ ആദ്യത്തെ കുട്ടിയുടെ വയറിനുള്ളിലുമാവുന്നതാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണം. കുട്ടിയുടെ വയറിനുള്ളില്‍ വളരുന്ന ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്താതെ അവിടെ തന്നെ അവശേഷിക്കുന്നതാണ് പിന്നീട് ഇത്തരത്തില്‍ കണ്ടെത്തുന്നത്.