ന്യൂയോർക്ക് : ബുധനാഴ്ചയാണ് യു.എസ്.-കാനഡ അതിർത്തിയിൽ നവജാത ശിശുവടങ്ങുന്ന നാലംഗ ഇന്ത്യൻകുടുംബത്തെ മഞ്ഞിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കനേഡിയൻ അതിർത്തി ഭാഗത്തായിരുന്നു മൃതദേഹങ്ങൾ. മനുഷ്യക്കടത്തുകാർക്ക് വേണ്ടി നടത്തിയ ഓപ്പറേഷനിലാണ് നാല് പേരുടെ മൃതദേഹങ്ങൾ മഞ്ഞിൽ മരവിച്ച നിലയിൽ കണ്ടെത്തിയത്.അനധികൃതമായി യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞിൽ തണുത്തുറഞ്ഞാവാം ഇവർ മരിച്ചതെന്നാണ് കരുതുന്നത്. പ്രതികൂല കാലാവസ്ഥയിൽ 11 മണിക്കൂറോളം ഇവർ നടന്നിട്ടുണ്ടാവാമെന്ന് ഇവരെ കണ്ടെത്തിയ മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഹൃദയഭേദകമായ ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച നാല് പേരും കാനഡയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരുടെ വലിയ സംഘത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇവർക്കൊപ്പം ഒമ്പത് പേരോളം ഉണ്ടായിരുന്നതായാണ് വിവരം. കൂടുതലും ഗുജറാത്തിൽ നിന്നുള്ള ഇന്ത്യക്കാരാണ്. മരിച്ചവരും ഗുജറാത്ത് സ്വദേശികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച സ്റ്റീവ് ഷാൻഡ് (47) എന്ന അമേരിക്കൻ പൗരനെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ യുഎസിലും കാനഡയിലും അന്വേഷണം നടക്കുന്നുണ്ട്.