അൽ അമീറത്ത് : ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യ മഹാരാജാസിന് തോൽവി. വേൾഡ് ജയന്റ്സ് മൂന്നുവിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. റൺമഴ പെയ്ത മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം വേൾഡ് ജയന്റ്സ് 19.3 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഇന്ത്യ മഹാരാജാസ് 20 ഓവറിൽ മൂന്നിന് 209, വേൾഡ് ജയന്റ്സ് 19.3 ഓവറിൽ ഏഴിന് 210. ഈ വിജയത്തോടെ ടൂർണമെന്റിലെ ആദ്യ പോയന്റ് സ്വന്തമാക്കാൻ ജയന്റ്സിന് സാധിച്ചു. ആദ്യ മത്സരത്തിൽ ജയന്റ്സ് ഏഷ്യ ലയൺസിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ഏഷ്യ ലയൺസിനെ തോൽപ്പിച്ച ഇന്ത്യ മഹാരാജാസ് ടൂർണമെന്റിൽ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. 27 പന്തുകളിൽ നിന്ന് 53 റൺസെടുത്ത കെവിൻ പീറ്റേഴ്സണും അവസാന ഓവറുകളിൽ അപ്രതീക്ഷിതമായി ആളിക്കത്തിയ ഇമ്രാൻ താഹിറുമാണ് വേൾഡ് ജയന്റ്സിന് വിജയം സമ്മാനിച്ചത്.
താഹിർ വെറും 19 പന്തുകളിൽ നിന്ന് 52 റൺസെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സും താരത്തിന്റെ ബാറ്റിൽ നിന്നും പ്രവഹിച്ചു. താഹിറാണ് ടീമിന്റെ വിജയശിൽപ്പി. ഇന്ത്യയ്ക്ക് വേണ്ടി മുനാഫ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ നമൻ ഓജ തകർപ്പൻ സെഞ്ചുറി നേടി. വെറും 69 പന്തുകളിൽ നിന്ന് 15 ഫോറിന്റെയും ഒൻപത് സിക്സിന്റെയും അകമ്പടിയോടെ 140 റൺസാണ് ഓജ അടിച്ചുകൂട്ടിയത്. നായകൻ മുഹമ്മദ് കൈഫ് 53 റൺസെടുത്ത് പുറത്താവാതെ നിന്നു. വസീം ജാഫറും ബദ്രിനാഥും നിരാശപ്പെടുത്തി. തോറ്റെങ്കിലും രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യ മഹാരാജാസാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. മികച്ച നെറ്റ് റൺ റേറ്റാണ് ഇന്ത്യയ്ക്ക് തുണയായത്. ഏഷ്യ ലയൺസ് രണ്ടാമതും വേൾഡ് ജയന്റ്സ് മൂന്നാമതുമാണ്. അടുത്ത മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ഏഷ്യ ലയൺസിനെ നേരിടും.