പൊലീസിനെ നിരന്തരമായി വ്യാജ അടിയന്തരകോളുകൾ വിളിച്ച് കബളിപ്പിച്ച ജപ്പാനീസ് വനിത പിടിയിൽ. 51 -കാരിയായ ജാപ്പനീസ് വനിത ഹിരോകോ ഹട്ടഗാമിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി 2,761 വ്യാജ അടിയന്തര കോളുകൾ ആണ് ഇവർ പൊലീസിനെ വിളിച്ചത്. പിടിയിലായ ഹിരോകോ ഹട്ടഗാമി കുറ്റം സമ്മതിക്കുകയും തൻറെ ഏകാന്തത മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് പറഞ്ഞു. ഏകാന്തതയെ മറികടക്കാൻ പലരും പല വഴികളും കണ്ടെത്താറുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ഇത് ആദ്യമായിരിക്കും. തനിക്ക് അത്യന്തം ഏകാന്തത അനുഭവപ്പെട്ടപ്പോൾ അതിൽ നിന്നും രക്ഷനേടാനും എല്ലാവരുടെയും ശ്രദ്ധ നേടാനും മറ്റു മനുഷ്യരുടെ ഇടപെടലുകളും തന്റെ ജീവിതത്തിൽ ആഗ്രഹിച്ചതിനാലും ആണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ഹിരോക്കോ ഹട്ടഗാമി പറയുന്നത്. തൊഴിൽരഹിതയായ ഇവർ ചിബ പ്രിഫെക്‌ചറിലെ മാറ്റ്‌സുഡോയിലെ താമസക്കാരിയാണ്. പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് വർഷവും ഒമ്പത് മാസവും അവൾ സ്ഥിരമായി പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ അടിയന്തര കോളുകൾ ചെയ്തിരുന്നു. തൻറെ താമസ സ്ഥലത്ത് നിന്നും അയൽപക്കങ്ങളിൽ നിന്നുമായിരുന്നു ഇവർ കോളുകൾ ചെയ്യുന്നത്. മൊബൈൽ ഫോണിൽ നിന്നും ലാൻറ് ഫോണിൽ നിന്നും മാറിമാറിയായിരുന്നു കോളുകൾ ചെയ്തിരുന്നത്.
2020 ഓഗസ്റ്റ് മുതൽ 2023 മെയ് വരെയാണ് ഇവർ ഇത് തുടർന്നത്. പൊലീസ് സ്റ്റേഷനിലേക്ക് മാത്രമായിരുന്നില്ല ഹിറോക്കോ ഹട്ടഗാമി സ്ഥിരമായി വിളിച്ചിരുന്നത്. അഗ്നിശമനസേന വിഭാഗത്തെയും ആംബുലൻസുകളെയും വിളിക്കുന്നത് ഇവരുടെ പതിവായിരുന്നു. പലപ്പോഴും പലവിധ രോഗങ്ങൾ അഭിനയിച്ചും അപകടത്തിൽപ്പെട്ടതായി വിവരിച്ചും ആയിരുന്നു ഫോൺ കോളുകൾ ചെയ്തിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോൾ എല്ലാ കാര്യങ്ങളും നിഷേധിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഞാൻ അത്തരത്തിൽ കോളുകൾ ചെയ്തിട്ടില്ല എന്നും ഇവർ വാദിക്കുമായിരുന്നു.ഇതുമായി ബന്ധപ്പെട്ട നിരവധി തവണ പൊലീസ് ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കണക്കിലെടുക്കാതെ വീണ്ടും കബളിപ്പിക്കൽ തുടർന്നതോടെ അഗ്നിശമനസേനയുടെ പരാതിയിലാണ് പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.