പാലക്കാട് : അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ. ജില്ലാ കളക്ടറുടെ ശുപാർശ സെക്രട്ടറിയേറ്റിൽ തീരുമാനമാകാതെ കിടന്നത് രണ്ട് വർഷത്തോളമെന്ന് രേഖയിൽ. 2020 ജനുവരി നാലിന് സെക്രട്ടറിയേറ്റിൽ എത്തിയ ഫയലിൽ തീരുമാനം ഉണ്ടായത് ഇന്നലെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത് 23 ശിശുമരണമാണ്. 23 കുഞ്ഞുങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. പാലക്കാട് കലക്ടർ ശിപാർശ സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തതിനെ തുടർന്ന് പാലക്കാട് കളക്ടർ ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് കൈമാറി.
കമ്മിഷൻ നിർദേശ പ്രകാരം ഒരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നൽകാനായി 23 ലക്ഷം രൂപ അനുവദിക്കണമെന്ന് കാട്ടി സർക്കാരിന് കളക്ടർ ശിപാർശയും നൽകി. 2020 ജനുവരി നാലിന് ആരോഗ്യ വകുപ്പിനാണ് ശിപാർശ സമർപ്പിച്ചത്. പക്ഷേ തീരുമാനമാകാൻ പിന്നെയും രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ധനവകുപ്പ് അംഗീകാരം ലഭിക്കാൻ 2021 ഡിസംബർ 21 വരെ സമയം എടുത്തു. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് ഉത്തരവിറങ്ങിയത്.