തിരുവനന്തപുരം : സംസ്ഥാനത്തു 18 വയസ്സിനു മുകളിലുള്ള 100% പേര്‍ക്കും ഒന്നാം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷനും അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. ഇതിനകം 83% പേര്‍ (2,22,28,824) രണ്ടാം ഡോസ് വാക്‌സീനും സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശേഷിക്കുന്നതു 17% പേര്‍. സംസ്ഥാനത്ത് ഇപ്പോള്‍ 20 ലക്ഷം ഡോസ് കോവിഷീല്‍ഡും 7 ലക്ഷം ഡോസ് കോവാക്‌സിനും ഉണ്ട്. രണ്ടാം ഡോസ് സ്വീകരിക്കാന്‍ വിമുഖത ഉള്ളവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകള്‍ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ വിതരണം പൂര്‍ത്തിയാക്കാനാണു ശ്രമം. 18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് നല്‍കിയെന്ന് അറിയിച്ച മന്ത്രി, ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണമെന്ന് അഭ്യര്‍ഥിച്ചു. 15 മുതല്‍ 17 വയസ്സ് വരെയുള്ള 66% (10,01,169) കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കിയെന്നും പറഞ്ഞു.