ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8,9 തീയതികളിൽ ലോക്സഭ ചർച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. കോണ്‍ഗ്രസിനെ കൂടാതെ ബിആർഎസും അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. ഇതിന് അനുമതി ലഭിച്ചില്ല. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം ബിആർഎസ് പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. മൺസൂൺ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ പ്രതിപക്ഷം പാർലമെന്റിൽ മണിപ്പുര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി പറയുമെന്ന് ഭരപക്ഷം അറിയിച്ചെങ്കിലും പ്രധാനമന്ത്രി വിശദമായി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.