പാലക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശി 24 കാരനായ സാഗർ ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മെയിലാണ് 17 കാരിയായ പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ മനോവേദനയിലാണ് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം.
പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ ലഭിച്ചു. ഫോൺ കോളുകളും, മറ്റും സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് 24 കാരനായ വെളുത്തമത്ത് വീട്ടിൽ സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ മണ്ണാർക്കാട് കോടതി റിമാന്റ് ചെയ്തു.