തൃശൂര്‍: കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയിൽ നാലുപേർ മാന്നാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പൊന്നൂക്കര ചെമ്പകണ്ടം റോഡിൽ ഇരുട്ടാണി പറമ്പിൽ പ്രശാന്ത് (44), മങ്ങാട്ടുകാട്ടിൽ പൗളി (57), പുത്തൂർ കള്ളാടത്തിൽ റെജിൽകുമാർ (47), പുത്തൂർ പുത്തൻപറമ്പിൽ അബ്രഹാം (47) എന്നിവരാണ് പിടിയിലായത്. പ്രശാന്തും പൗളിയും എന്നിവർ പീച്ചി ഇറിഗേഷന്റെ കനാലിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്നും അധികൃതമായി വൈദ്യുതി ഉപയോഗിച്ചാണ് പന്നിയെ പിടിച്ചത്. ഇതിനുമുമ്പും മാനിനെ ഷോക്കടിപ്പിച്ചു കൊന്നു ഇറച്ചിയാക്കി വില്പന നടത്തിയ കേസിൽ പ്രശാന്ത് പിടിയിൽ ആയിട്ടുണ്ട്. പ്രതികളായ അബ്രഹാം, റെജിൽകുമാർ എന്നിവർ വിൽപ്പന നടത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് 50 കിലോയോളം വരുന്ന ഇറച്ചി പ്രശാന്തിൽ നിന്നും വാങ്ങിയത്. മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ ചാർജ് എം.പി സജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ.മുഹമ്മദ് ഷമീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു.രാജകുമാര്‍, എം.എൻ.ഷിജു, കെ.എസ്.ഷിജു, പ്രവീൺ നായർ, ആർ.എസ്.രേഷ്മ, എൻ.ബി.ധന്യ, എം.ആർ.രേഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.