കോയമ്പത്തൂർ: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചനന്ദനത്തടി കടത്തിയ സംഘത്തെ സിനിമ സ്റ്റൈലിൽ പിന്തുടർന്ന് ചെയ്ത് പിടികൂടി കോയമ്പത്തൂർ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സേലത്തിനടുത്ത് ആറ്റൂരിൽ ആണ് കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നും നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തിയ 1051 കിലോ വരുന്ന ചന്ദനത്തടികളടങ്ങിയ ട്രക്ക് പൊലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന ട്രക്ക് 150 കിലോമീറ്ററുകളോളം പിന്തുടർന്നാണ് എസ്ഐ ജെസിസ് ഉദയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ ട്രക്ക് ഡ്രൈവർ മനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും മനോജ് ലോറി നിർത്താതെ ഓടിച്ച് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സേലത്തിന് സമീപം ആറ്റൂരിൽ വെച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. പരിശോധനയിൽ ഡ്രൈവറുടെ ക്യാബിനിനോട് ചേർന്നുള്ള രഹസ്യ അറയിൽ 57 ബാഗുകളിൽ പൊതിഞ്ഞ് ഒളിപ്പിച്ച ചന്ദനം പൊലീസ് കണ്ടെത്തുകയായിരുന്നു.
പിടികൂടിയ ചന്ദനം കൂടുതൽ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറിയതായി എസ്ഐ പറഞ്ഞു. ഓരോ ബാഗിലെയും ചന്ദനത്തടിയുടെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടാകാമെന്നതിനാൽ ചരക്കിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് ഡിഎഫ്ഒ എൻ ജയരാജ് അറിയിച്ചു. ട്രക്ക് ഡ്രൈവർ ജയരാജിനെ പൊലീസും വനം വകുപ്പും ചോദ്യം ചെയ്തു വരികയാണ്. ട്രക്ക് ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന ജോലിയാണ് തന്നെ ഏൽപ്പിച്ചതെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. ആർക്കാണ് ചന്ദനം കൊണ്ടുപോയതെന്നും പിന്നിൽ ആരൊക്കെയാമെന്നും അന്വേഷിച്ച് വരികയാണെന്ന് കൊയമ്പത്തൂർ പൊലീസ് വ്യക്തമാക്കി.