തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽ (കാസിരിമാബ് പ്ലസ് ഇംഡെവിമാബ്) കുത്തിവെപ്പ് ഉപയോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ ഇറക്കി. എച്ച്.ഐ.വി., അർബുദ രോഗികൾ, അധികകാലമായി സ്റ്റിറോയിഡ് എടുക്കുന്നവർ, അവയവം മാറ്റിവെച്ച രോഗികൾ, ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, തീവ്രമായ കരൾ രോഗമുള്ളവർ, ഹൃദയത്തിന്റെ പ്രവർത്തനം വളരെ കുറഞ്ഞവർ, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവർ തുടങ്ങിയ അനുബന്ധ രോഗമുള്ളവർക്ക് കോവിഡ് മൂലം അസുഖം മൂർച്ഛിക്കാതിരിക്കാൻ തുടക്കത്തിൽത്തന്നെ ഉപയോഗിക്കുന്ന മരുന്നാണിത്. ഇതിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്ക് നൽകാനാണ് മാർഗരേഖ ഇറക്കിയത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ഈ മാർഗരേഖ പിന്തുടരണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കോവിഡ് വാക്സിൻ എടുത്തവർക്ക് ഒമിക്രോണോ ഡെൽറ്റയോ ബാധിച്ചാലും രോഗതീവ്രത കുറവായിരിക്കും. അവർക്ക് മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽകൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ വാക്സിനെടുക്കാത്ത ഉയർന്ന അപകടസാധ്യതയുള്ളവർ, വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽപ്പോലും ആന്റിബോഡി പ്രതിരോധം കുറവായിരിക്കാൻ സാധ്യതയുള്ളവർ എന്നിവരിലാണ് ഈ ചികിത്സ ഫലപ്രദം.