വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒപ്പം ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കും. അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും. അതുപോലെ പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. ഇതിലൂടെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. അവക്കാഡോയ്ക്ക് എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
ചര്‍മ്മത്തിലെ ചുളിവുകൾ മാറ്റാനും ചര്‍മ്മം ചെറുപ്പമാക്കാനും ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും അവക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. ഇതിനായി ആദ്യം പഴുത്ത അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇവ പരീക്ഷിക്കാം. അതുപോലെ തന്നെ, അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കിയതും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും അവക്കാഡോ പഴം കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്. ഇതിനായി പഴുത്ത അവക്കാഡോയുടെ പകുതി ഭാഗവും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് കുറച്ച് തുള്ളി എസൻഷ്യൽ ഓയില്‍ ചേര്‍ക്കാം. ഇനി ഈ മാസ്ക് ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഈ മാസ്ക് പരീക്ഷിക്കാം.