പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വഭാവികമാണെങ്കിലും ചെറുപ്പത്തിലേയുള്ള മുടി നരയെ പലർക്കും ഉൾക്കൊളളാൻ കഴിയില്ല. കുട്ടികളിൽ വരെ ഇന്ന് മുടി നരയ്ക്കുന്നത് കണ്ടു വരുന്നുണ്ട്. പെട്ടെന്ന് മുടി നരച്ചുതുടങ്ങുന്നത് ആളുകളുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന ഒന്നാണ്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കൂടുന്നത് എന്നിവയും മുടി നരയ്ക്കാനുള്ള വിവിധ കാരണങ്ങളാണ്. അകാലനര തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളിതാ…
ഒന്ന്…
മുടിക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പൊടിയും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം.
രണ്ട്…
ബീറ്റ്റൂട്ടാണ് മറ്റൊരു പ്രതിവിധി. ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ ഇരുമ്പും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് പൊട്ടൽ, താരൻ, അകാല നര എന്നിവ തടയാൻ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസിൽ അൽപം കാപ്പിപ്പൊടി ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്…
മുടിയുടെ ശരിയായ പോഷണത്തിനായി പൊടിച്ച കാപ്പി, വെളിച്ചെണ്ണ, മുട്ട എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകുക.
നാല്…
കറിവേപ്പില മുടിക്ക് ഏറെ ഗുണം ചെയ്യും. കറിവേപ്പിലും തെെരും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. നര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ മാറാനും ഈ പാക്ക് സഹായിക്കും.