ദില്ലി: ഹരിയാനയിലെ സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ ഇവർ സഞ്ചരിച്ച കാറിന് ആൾക്കൂട്ടം തീയിടുകയും കല്ലെറിയുകയും വെടിവെക്കുകയുമായിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അഞ്ജലി ജെയിനും മകൾളുമാണ് അക്രമണത്തിനിരയായത്. തിങ്കളാഴ്ചയാണ് സംഭവം. ജഡ്ജിയും മകളും ജീവനക്കാരനും നുഹിലെ പഴയ ബസ് സ്റ്റാൻഡിലെ വർക്ക്ഷോപ്പിൽ അഭയം തേടുകയായിരുന്നു. പിന്നീട് ചില അഭിഭാഷകരാണ് ഇവരെ രക്ഷിച്ചത്. നൂഹിലെ എസിജെഎം കോടതിയിൽ പ്രോസസർ സെർവറായി പ്രവർത്തിക്കുന്ന ടെക് ചന്ദിന്റെ പരാതിയിലാണ് അജ്ഞാതർക്കെതിരെ എഫ്‌ഐആർ കേസ് രജിസ്റ്റർ ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എസിജെഎമ്മും അവരുടെ മൂന്ന് വയസ്സുള്ള മകളും ജീവനക്കാരനും ഫോക്‌സ്‌വാഗൺ കാറിൽ മരുന്നുകൾ വാങ്ങുന്നതിനായി നൽഹാറിലെ എസ്‌കെഎം മെഡിക്കൽ കോളേജിലെത്തി. ഉച്ചയ്ക്ക് 2 മണിയോടെ മടങ്ങുമ്പോൾ ദില്ലി-ആൽവാർ റോഡിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം കലാപകാരികൾ ഇവരെ ആക്രമിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. ലഹളക്കാർ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. ഞങ്ങൾ നാലുപേരും കാർ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ ഓടി. പഴയ ബസ് സ്റ്റാൻഡിലെ വർക്ക് ഷോപ്പിൽ ഒളിച്ചിരുന്നു. പിന്നീട് ചില അഭിഭാഷകർ ഞങ്ങളെ രക്ഷപ്പെടുത്തി. അടുത്ത ദിവസം കാർ കത്തിച്ചതായി കണ്ടെത്തിയെന്ന് ജഡ്ജി പൊലീസിന് മൊഴി നൽകി.
സെക്ഷൻ 148 (കലാപം), 149 (നിയമവിരുദ്ധമായ സംഘംചേരൽ), 435 (നാശമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള തീപിടിത്തം), 307 (കൊലപാതകശ്രമം), ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഹരിയാനയിലെ നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മതപണ്ഡിതനുമുൾപ്പെടെ ആറ് പേർ മരിച്ചു.