കൊച്ചി> ക്രിപ്റ്റോ സൈബര്‍ സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളില്‍നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത നാല് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്.ഭയപ്പെടുത്തി പണം അപഹരിക്കല്‍, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കല്‍, സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ബംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ സിഐ ശിവപ്രകാശ്, പൊലീസുകാരായ വിജയകുമാര്‍, സന്ദേശ്, ശിവണ്ണ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരുടെ കൈയില്‍നിന്ന് തട്ടിയെടുത്ത 3.95 ലക്ഷം രൂപ ഇവരില്‍നിന്ന് കണ്ടെടുത്തു. കുമ്പളങ്ങി ഇല്ലിക്കല്‍ക്കുന്നേല്‍ അഖില്‍ ആല്‍ബി (31), കുമ്പളങ്ങി സെന്റ് ജോര്‍ജ് പള്ളിക്കുസമീപം കളിപ്പറമ്പില്‍ നിഖില്‍ ജോസഫ് (30) എന്നിവരില്‍നിന്നാണ് പണം തട്ടിയത്. ബുധനാഴ്ച ഇരുവരും ഈ കേസില്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.
വൈറ്റ്ഫീല്‍ഡ് സബ് ഡിവിഷന്‍ എസിപി എം ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചിന്നപ്പ എന്നിവര്‍ വ്യാഴാഴ്ച കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. പിടിയിലായ പൊലീസുകാരെക്കുറിച്ച് കര്‍ണാടക സര്‍ക്കാരിന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കും. പ്രതിചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ കൊച്ചി സിറ്റി പൊലീസ് നിയമോപദേശം തേടി. ഒടുവില്‍ അറസ്റ്റ് ഒഴിവാക്കി അന്വേഷണവുമായി സഹകരിക്കാന്‍ നോട്ടീസ് നല്‍കി ബുധന്‍ വൈകിട്ട് വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകണം.വന്‍ലാഭം നല്‍കാമെന്നുപറഞ്ഞ് പലരില്‍നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടാനാണ് കര്‍ണാടക പൊലീസ് കേരളത്തിലെത്തിയത്. ഇത്തരത്തില്‍ 26 ലക്ഷം രൂപ നഷ്ടപ്പെട്ട എന്‍ജിനിയറായ യുവതിയുടെ പരാതിയില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. മലപ്പുറം സ്വദേശി നൗഷാദിനെയും ഇവര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ആദ്യം ആവശ്യപ്പെട്ടത് 25 ലക്ഷം
ആദ്യം 25 ലക്ഷം രൂപയാണ് യുവാക്കളോട് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. പിന്നീട് തുക 10 ലക്ഷമാക്കി. തോപ്പുംപടി ബിഒടി പാലത്തിനുസമീപം ചൊവ്വ രാത്രി ഏഴിനാണ് ഇന്നോവ കാറിലെത്തിയ കര്‍ണാടക പൊലീസ് രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. കേസില്‍നിന്ന് ഒഴിവാക്കാന്‍ അഖിലിന്റെ കൈയില്‍നിന്ന് ഒരുലക്ഷം രൂപ വാങ്ങി. അഖിലിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്.
നിഖിലിന്റെ അച്ഛന്റെ കൈയില്‍നിന്ന് 2.95 ലക്ഷം രൂപയും വാങ്ങി. തുടര്‍ന്ന് അഖിലിനോട് ബാക്കി തുക ആവശ്യപ്പെട്ടു. അഖിലിന്റെ പ്രതിശ്രുത വധുവാണ് ഡിസിപിക്ക് പരാതി നല്‍കിയത്. അഖിലിന്റെ കാറും സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ സഞ്ചരിച്ച ഇന്നോവയ്ക്കൊപ്പമാണ് ഈ കാറും യുവാക്കളെയുംകൂട്ടി പോകുമ്പോള്‍ അങ്കമാലി പറമ്പയത്തുവച്ച് ബുധന്‍ പകല്‍ ഒന്നോടെ കളമശേരി പൊലീസ് പിടികൂടിയത്.