ന്യൂഡൽഹി: ലോക്സഭയിൽ വിവാദ ഡൽഹി സർവിസസ് ബിൽ ചർച്ചക്കിടെ പ്രതിപക്ഷത്തിനുനേരെ കേന്ദ്ര മന്ത്രിയുടെ ഇ.ഡി ഭീഷണി. നിശബ്ദത പാലിച്ചില്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തുമെന്നായിരുന്നു കേന്ദ്ര വിദേശ സഹമന്ത്രിയായ മീനാക്ഷി ലേഖി പ്രതിപക്ഷത്തോട് പറഞ്ഞത്.വ്യാഴാഴ്ച ലോക്സഭയിൽ ഗവ. ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബില്ലിൽ ശക്തമായ ഭരണ-പ്രതിപക്ഷ വാഗ്വാദം നടന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവാദ ബിൽ അവതരിപ്പിച്ചത്. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവന്നത്.
ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര മന്ത്രി സംസാരിക്കുമ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തിനേരെ നോക്കി നിശബ്ദത പാലിക്കണമെന്നും അല്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തുമെന്നും മീനാക്ഷി പറഞ്ഞത്. ഡൽഹി ഓർഡിനൻസ് ബില്ലിനെ ന്യായീകരിച്ച കേന്ദ്ര മന്ത്രി, അധികാരവും ഉത്തരവാദിത്തവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിടുന്ന ‘ഉദ്ദേശ്യപരമായ ബിൽ’ എന്നാണ് ഡൽഹി സർവിസസ് ബില്ലിനെ വിശേഷിപ്പിച്ചത്.
ഡർഹി സർക്കാറിനെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അവർ പരിഹസിച്ചു. ദേശീയ തലസ്ഥാനത്തിന്റെ നാലിലൊന്ന് മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും ഇതൊരു സമ്പൂർണ സംസ്ഥാനമല്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. ബിൽ കോടതി വിധി അട്ടിമറിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കുന്നതുമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ലോക്സഭ ബിൽ പാസ്സാക്കിയത്. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി.