തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.
എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്.