പറവൂർ : നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ ചേന്ദമംഗലം കവലയിൽ സൈക്കിളിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർഥി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രക്ഷകനായത് കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് എം.ജെ. തോമസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന്. വരാപ്പുഴ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങൾ കവലയിലെ സിഗ്നലിൽ നിർത്തിയിരിക്കുകയായിരുന്നു. ചാത്തനാട് സ്വദേശിയായ പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി നിർത്തിയിട്ടിരുന്ന സ്വകാര്യബസിന് സമീപത്ത് സൈക്കിളുമായി നിന്നിരുന്നു. സ്കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. കവലയ്ക്ക് വീതി കുറവായതിനാൽ സാധാരണയായി ഇവിടെ സിഗ്നൽ വീണാൽ സൈക്കിളുകളും ഇരുചക്രവാഹനങ്ങളും പോയശേഷമാണ് ബസുകൾ പോകുക. സിഗ്നൽ വീണപ്പോൾ വിദ്യാർഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിന് തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞു.
സൈക്കിളിന്റെ പിൻചക്രം ബസിന്റെ ഇടതുവശത്തെ മുൻചക്രത്തിന്റെ ഇടയിൽപ്പെട്ടു. കവലയ്ക്ക് വീതി കുറവായതിനാൽ സാധാരണയായി ഇവിടെ സിഗ്നൽ വീണാൽ സൈക്കിളുകളും ഇരുചക്രവാഹനങ്ങളും പോയശേഷമാണ് ബസുകൾ പോകുക. സിഗ്നൽ വീണപ്പോൾ വിദ്യാർഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിന് തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞു. സൈക്കിളിന്റെ പിൻചക്രം ബസിന്റെ ഇടതുവശത്തെ മുൻചക്രത്തിന്റെ ഇടയിൽപ്പെട്ടു. ഇത് കണ്ടുനിന്ന ഹോംഗാർഡ് തോമസ് ഉച്ചത്തിൽ ബഹളംവെച്ച് ഓടിയെത്തി. തോമസിന്റെ ശബ്ദംകേട്ട് ബസ് ഡ്രൈവർ വണ്ടി നിർത്തിയതിനാൽ വിദ്യാർഥി ടയറിനടിയിൽപ്പെടാതെ രക്ഷപ്പെട്ടു. ബസ് ജീവനക്കാർ സൈക്കിൾ നന്നാക്കി നൽകി. വിദ്യാർഥിക്ക് ഓട്ടോറിക്ഷയിൽ സ്കൂളിൽ പോകാനും തിരിച്ചുവരാനും ആവശ്യമായ പണവും കൊടുത്തു.
വീതികുറഞ്ഞ ചേന്ദമംഗലം കവല വികസിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും അധികൃതർക്ക് അത് യാഥാർഥ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മുൻ സൈനികനായ എം.ജെ. തോമസ് 12 വർഷമായി പറവൂരിൽ ഹോംഗാർഡാണ്. ഇദ്ദേഹത്തിന്റെ ട്രാഫിക് നിയന്ത്രണ രീതി വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. തോമസ് ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മികച്ച ഹോംഗാർഡിനുള്ള സംസ്ഥാനതല പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ തോമസ് നേടിയിട്ടുണ്ട്.