പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ കളിയാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിന്റെ താൽപര്യത്തിന് അനുകൂലമായ സഖ്യമാണിതെന്ന് മമത ബാനർജി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കെന്നും ബി.ജെ.പി കലാപം പ്രോത്സാഹിപ്പിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു.”ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങൾക്ക് സാന്നിധ്യമുണ്ട്. തീർച്ചയായും ഡൽഹിയിലും ഇൻഡ്യ സർക്കാർ സഖ്യം രൂപീകരിക്കും. ഡൽഹിയാണ് ഞങ്ങളുടെ പാർലമെന്റ്. അദ്ദേഹം കരുതിക്കൂട്ടിയാണോ അതോ അറിയാതെയാണോ ഇക്കാര്യം പറഞ്ഞത് എന്നറിയില്ല.”-മമത പറഞ്ഞു. രാജ്യത്തെ ദുരിതങ്ങളിൽ നിന്നും സാമുദായിക കലാപങ്ങളിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും സംരക്ഷിക്കാൻ ഇൻഡ്യ സഖ്യം വിജയിക്കണമെന്നും മമത പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണനിയന്ത്രബിൽ കഴിഞ്ഞ ദിവസം ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയിരുന്നു. ബില്ലിന്റെ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ എ.എ.പിയെ പിന്തുണക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.നിങ്ങൾ ഒരു സഖ്യത്തിലായതുകൊണ്ട് മാത്രം ഡൽഹിയിൽ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണക്കരുതെന്ന് പാർട്ടികളോട് ഞാൻ അഭ്യർഥിക്കുന്നു. കാരണം സഖ്യമുണ്ടായാലും പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പിൽ മുഴുവൻ ഭൂരിപക്ഷത്തോടെ വിജയിക്കും.-എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.