ഗുരുഗ്രാം: വർഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹ് ജില്ലയിൽ 250 കുടിലുകൾ അധികൃതർ പൊളിച്ചുനീക്കി. ബുൾഡോസറുമായെത്തിയാണ് തൗരു ടൗണിലെ വീടുകൾ ഹരിയാന അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇടിച്ചുനിരത്തിയത്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നെന്നും ഇവിടെനിന്ന് വി.എച്ച്.പി-ബജ്റംഗ്ദൾ യാത്രക്ക് നേരെ കല്ലേറുണ്ടായെന്നും ആരോപിച്ചാണ് നടപടി.സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സഞ്ജീവ് കുമാറിന്റെയും ദ്രുതകർമ സേനയുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ നടന്ന നടപടി നാല് മണിക്കൂറോളം നീണ്ടു. കൈയേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായാണ് വീടുകൾ പൊളിച്ചതെന്ന് അധികൃതർ അറിയിച്ചു. ഏതാനും സ്ത്രീകൾ പ്രതിഷേധവുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല. പൊളിച്ചുനീക്കൽ നടപടി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
നൂഹിൽ ഉണ്ടായ കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും പള്ളി ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.