അത്യാവശ്യം സൗന്ദര്യ സംരക്ഷണത്തിലക്കെ താത്പര്യമുള്ളവർക്ക് ഏറെ പരിചിതമായ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. മുടി തഴച്ചുവളരാനും, ചർമം മൃദുവാക്കാനും മറ്റും കറ്റാർവാഴ സഹായിക്കാറുണ്ട്. ഇതുകൊണ്ട് സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ കറ്റാർവാഴ വച്ചുപിടിപ്പിക്കാൻ താത്പര്യപ്പടുന്നവരാണ്. പക്ഷേ പലപ്പോഴും തണ്ട് ഒടിഞ്ഞുവീഴുകയോ ബലക്കുറവുണ്ടാകുകയോ വളർച്ചയില്ലാതിരിക്കുകയോ ഒക്കെ കറ്റാർവാഴക്കുണ്ടാകാറുണ്ട്. ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചാൽ ചെടി തഴച്ചുവളരും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.
1. പരിചരണം വേണം നടുമ്പോൾ മുതൽ
തെരഞ്ഞെടുക്കുന്ന മണ്ണ് മുതൽ വളർച്ചയുടെ ആരോ ഘട്ടത്തിലും ശ്രദ്ധ വേണ്ട ഒന്നാണ് കറ്റാർവാഴ. ജലാംശം ഏറെയുള്ള സസ്യമായതിനാൽ വെള്ളം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള മണ്ണാണ് കറ്റാർവാഴ നട്ടുപിടിപ്പിക്കാൻ ഏറ്റവും ഉചിതം. മറ്റ് ചെടികളെ പോലെ തന്നെഅമിതമായി വെള്ളം കെട്ടിനിന്നാൽ അത് സസ്യത്തെ ബാധിക്കും. കറ്റാർവാഴയുടെ വേരുകൾ വളർന്ന് പന്തലിക്കുന്നവയാണ്. അതുകൊണ്ട് അവയ്ക്ക് സുഖമമായി വളരാൻ വലിപ്പത്തിലുള്ള കണ്ടെയ്നറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
2. എങ്ങനെ വളർത്താം കറ്റാർവാഴയെ
നേരത്തെ പറഞ്ഞതുപോലെ ജലാംശം കൂടുതലുള്ളതിനാൽ വേരുകൾ ചീയാതെ നോക്കുക എന്നതാണ് കറ്റാർവാഴ തഴച്ചുവളരാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവയ്ക്ക് വളരാൻ വെള്ളം കുറവ് മതിയാകും. ഇതിനായി ലാവ റോക്കുകളോ, മണൽ, മണ്ണ്, പെർലൈറ്റ് എന്നിവ ചേർത്ത പ്രത്യേക മിശ്രിതമോ ഉപയോഗിക്കാം.
3. അമിതമായാൽ ‘വളവും’ വിഷം
മറ്റ് ചെടികളേപ്പോലെ വളം അധികം ആവശ്യമില്ലാത്ത ഒന്നാണ് കറ്റാർവാഴ. മാത്രമല്ല വളം അധികമായാൽ ചെടി നശിച്ചുപോകാൻ വരെ കാരണമാണ്. അതുകൊണ്ട് ആവശ്യമെങ്കിൽ ഇത്തരം ചെടികൾക്കായി പ്രത്യേകം ലഭ്യമായ വളങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഉചിതം.
4. വെളിച്ചം അധികം വേണ്ട, ചൂടും
കറ്റാർവാഴയുടെ വളർച്ചക്ക് പ്രകാശം അത്യാവശ്യമാണ്. പക്ഷേ നേരിട്ട് അമിതമായ വെയിലേറ്റാൽ ഇലകളിൽ പാടുകൾ വരാൻ തുടങ്ങും. 55 മുതൽ 85 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയാണ് കറ്റാർവാഴകൾക്ക് അത്യുത്തമം. പ്രതിദിനം ആറ് മണിക്കൂറെങ്കിലും കറ്റാർവാഴയ്ക്ക് കൃത്യമായ സൂര്യപ്രകാശവും ഉറപ്പാക്കേണ്ടതുണ്ട്.
5. വെട്ടിനിർത്താം ഇലകളെ
ആരോഗ്യമുള്ള പുതിയ ഇലകൾ തഴച്ചു വളരാൻ കൃത്യമായ ഇടവേളകളിൽ അവ മുറിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. വാടിത്തുടങ്ങിയതോ, നിറം മങ്ങിയതോ, പഴക്കം ചെന്നതോ ആയ ഇലകളെ ആദ്യം മുറിച്ചുമാറ്റുക. ചെടിയുടെ മധ്യഭാഗത്തുള്ളതായിരിക്കും പുതിയ ഇലകൾ. ഇവയെ മുറിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ തവണ മുറിച്ചു നീക്കുമ്പോഴും ചെടിയിൽ അഞ്ചോ ആറോ തണ്ട് വീതം അവശേഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. തണ്ടുകൾ വളർന്നുവരുന്നതനുസരിച്ച് ഇവയെ വേരോടെ പിഴുത് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റേണ്ടതുമുണ്ട്.
7. തണുപ്പ് കാലത്ത് വിശ്രമമാകാം
തണുപ്പ് കാലം കറ്റാർവാഴക്ക് വിശ്രമത്തിൻറെ കാലം കൂടിയാണ്. ഈ കാലയളവിൽ അവയ്ക്ക് സ്വസ്ഥമായിരിക്കാനുള്ള സാഹചര്യങ്ങൾ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. വെള്ളം ഒഴിക്കുന്നതിൻറെ പരിധി കുറക്കുകയാണ് ഇതിൽ പ്രധാനം. മാസത്തിൽ ഒരുവട്ടം വെള്ളം ഒഴിക്കുന്നത് തന്നെ തണുപ്പ് കാലത്ത് കറ്റാർവാഴക്ക് അധികമാണ്.