വർഗീയ സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ പ്രശ്ന ബാധിത മേഖലയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി. പകരം ആളുകൾ വീടുകളിൽ നമസ്കരിച്ചാൽ മതിയെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. തുറന്ന സ്ഥലങ്ങളിലെ പ്രാർഥനക്കും വിലക്കുണ്ട്.നൂഹ്, ഗുരുഗ്രാം, രോഹ്തക് മേഖലകളിലെ പള്ളികളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. വ്യാഴാഴ്ച നൂഹിലെ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതൽ മൂന്നുമണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു.
തിങ്കളാഴ്ച നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.നൂഹിൽ ഉണ്ടായ കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും പള്ളി ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷം ഗുരുഗ്രാമിലേക്കും വ്യാപിച്ചു. ഇവിടെയും നിരവധി റസ്റ്റാറന്റുകളും കടകളും അഗ്നിക്കിരയാക്കി.