മലപ്പുറം> വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് വീട് ജപ്തി ചെയ്തതോടെ ഗര്‍ഭിണിയടക്കമുള്ള പട്ടികജാതി കുടുംബം വിറകുപുരയില്‍ അഭയം പ്രാപിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.കലക്ടര്‍ വിവരങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്തംബറില്‍ തിരൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പൊന്നാനി അര്‍ബന്‍ കോ—ഓപറേറ്റീവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ആലങ്കോട് ഏഴാം വാര്‍ഡില്‍ തലശിലാത്ത് വളപ്പില്‍ ചന്ദ്രനും കുടുംബവുമാണ് പ്രതിസന്ധിയിലായത്. 2014–ലാണ് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. വീട് വിറ്റ് കടംവീട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാലുദിവസംമുമ്പ് ഉദ്യോഗസ്ഥരെത്തി വീട്ടില്‍നിന്ന് പുറത്താക്കിയതോടെ കുടുംബം വിറകുപുരയില്‍ അഭയം തേടുകയായിരുന്നു.