ഇസ്ലാമാബാദ്: പാകിസ്താൻ പാർലമെന്‍റിലെ അധോസഭയായ ദേശീയ അസംബ്ലി ആഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്) അധ്യക്ഷനായ ഷഹബാസ് ശരീഫ് ഘടകക്ഷി നേതാക്കൾക്ക് നൽകിയ വിരുന്നിനിടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്ന വിവരം അറിയിച്ചത്.ദേശീയ അസംബ്ലിയുടെ കാലാവധി തീരുന്നതിന് മൂന്നു ദിവസം മുമ്പാണ് പിരിച്ചുവിടുന്നത്. അഞ്ച് വർഷത്തെ കാലാവധി ആഗസ്റ്റ് 12നാണ് പൂർത്തിയാവുക. ഇതോടെ ദേശീയ അസംബ്ലിയിലെ 342 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുക. തെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്) വൻ വിജയം നേടുമെന്ന് ഷഹബാസ് ശരീഫ് വ്യക്തമാക്കി.ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിജ്ഞാപനം പാക് പ്രസിഡന്‍റിന് കൈമാറും. പ്രസിഡന്‍റ് ഒപ്പുവെക്കുന്നതോടെ പിരിച്ചുവിടൽ യാഥാർഥ്യമാകും. മറ്റെന്തെങ്കിലും കാരണത്താൽ പ്രസിഡന്‍റ് ഒപ്പ് വെച്ചില്ലെങ്കിലും പ്രധാനമന്ത്രിയുടെ വിജ്ഞാപനം പുറത്തിറങ്ങി 48 മണിക്കൂറിന് ശേഷം ദേശീയ അസംബ്ലി സ്വഭാവികമായും പിരിച്ചുവിടപ്പെടും.ഇതിന് പിന്നാലെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കും.