ന്യൂഡൽഹി: മണിപ്പൂരിലെ ബിഷ്ണാപൂർ ജില്ലയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കാക്ത മേഖലയിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്.സംഘഷത്തെ തുടർക്ക് കുക്കി വിഭാഗത്തിലെ നിരവധി പേരുടെ വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ബിഷ്ണാപൂർ പൊലീസാണ് സംഘർഷം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. മെയ്തേയി മേഖലയിലേക്ക് കടന്നുവന്ന് ചിലർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.വ്യാഴാഴ്ച മണിപ്പൂരിലെ ബിഷ്ണാപൂർ ജില്ലയിൽ സുരക്ഷാസേനയും മെയ്തേയി വിഭാഗവും തമ്മിൽ നടന്ന സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.സംഘർഷത്തെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലെ കർഫ്യു ഇളവുകൾ പിൻവലിച്ചിരുന്നു. മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 160 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.