തൃശൂർ > സുരക്ഷാ നിയമങ്ങൾ ലംഘിക്കാൻ വിസമ്മതിച്ച ജീവനക്കാരെ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ഓപ്പറേഷൻ ഉദ്യോഗസ്ഥൻ നാലു ദിവസമായി പീഡിപ്പിക്കുന്നതായി പരാതി. സുരക്ഷാ നിയമങ്ങൾ ലംഘിക്കാൻ ഓഫീസർ തന്നെ നിർദേശം നൽകുകയും വിസമ്മതിക്കുന്ന ജീവനക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഡിആർഇയു ഡിവിഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.കളമശ്ശേരിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇടപ്പള്ളി സ്റ്റേഷനിൽ പുലർച്ചെ രണ്ടുമണിക്ക് ജോലികൾ ചെയ്യണമെന്ന നിയമവിരുദ്ധ നിർദേശമാണ് നൽകിയത്. നിലവിലുള്ള ട്രെയിൻ സുരക്ഷാനിയമം ലംഘിക്കാതെ ഇത് ചെയ്യാൻ സാധിക്കില്ല. അതിനാൽ ജീവനക്കാർ വിസമ്മതിച്ചു. ഇതിനെ ത്തുടർന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിൽ വിളിച്ചുവരുത്തി നാലുദിവസം തുടർച്ചയായി നിർത്തി. അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.പ്രവൃത്തി ദിവസം അല്ലാതിരുന്നിട്ടും ശനിയാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ ഡിവിഷൻ റെയിൽവേ മാനേജർക്ക് പരാതി നൽകി.