മേലുകാവ് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ്, ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. നീലൂർ നൂറുമല മാക്കൽ ജിനു (31) ആണ് അറസ്റ്റിലായത്. 2019-ലായിരുന്നു ആദ്യസംഭവം. അന്ന് 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിനുവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ്സായി. പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പമാണ് ജിനു ഇപ്പോൾ താമസിക്കുന്നതെങ്കിലും കേസിന്റെ വിചാരണ കോടതിയിൽ നടന്നുവരികയാണ്. ഇതിനിടെ രണ്ടാഴ്ചമുമ്പ് പെൺകുട്ടിയുടെ ഇളയസഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇയാൾതന്നെയാണ് അനിയത്തിയെയും പീഡിപ്പിച്ചതായി വ്യക്തമായത്. മേലുകാവ് എസ്.എച്ച്.ഒ. ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.