ഇടുക്കി: ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ നായാട്ടിനായി പോയിരുന്ന സംഘത്തെ സാഹസികമായി വനപാലകര്‍ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു. നാല് മാസം മുമ്പ് സംഘം നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ഓട്ടോറിക്ഷയിലും ബൈക്കിലുമായി നായാട്ട് സംഘം സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവികുളം ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ വാഹന പരിശോധന നടത്തിയത്.
വാഹനങ്ങളിലെത്തിയ നായാട്ടു സംഘത്തെ മാട്ടുപ്പെട്ടിക്ക് സമീപം വച്ച് വനപാലകര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് വനപാലകര്‍ ഇരുട്ടു കാനം സ്വദേശി അജിത്ത്, അമ്പഴച്ചാല്‍ സ്വദേശി അമല്‍, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെ സാഹസികമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന സാബു, അജി എന്നിവരും തിരിച്ചറിയാത്ത ഒരാളും ഓടി രക്ഷപ്പെട്ടു. നായാട്ടു സംഘത്തിന്റെ പക്കല്‍ നിന്നും തോക്കും തിരകളും വനപാലകര്‍ പിടിച്ചെടുത്തു. നാല് മാസം മുമ്പ് സംഘം നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.