തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ പുറമ്പോക്ക് തദ്ദേശ വകുപ്പിന് കൈമാറണണെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുറമ്പോക്ക് ഭൂമിയുടെ ഉടമാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി തദ്ദേശവകുപ്പിന് കൈമാറുന്നതിന് കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കി. ഖര മാലിന്യ സംസ്‌കരണം, സ്വീവേജ് സെപ്‌റ്റേജ് സംസ്‌കരണം, മറ്റ് ഖരമാലിന്യ സംസ്‌കരണം എന്നിവക്കായി ഭൂമി കൈമാറണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി കണ്ടുപിടിക്കുവാനും കലക്ടര്‍മാര്‍ ഇത്തരം ഭൂമി മാലിന്യ സംസ്‌കരണ ആവശ്യത്തിനായി മാറ്റി വെക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ നിയമങ്ങള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നോമിനല്‍ ലീസ് ആയോ ഫെയര്‍ വാല്യൂ വാങ്ങിയോ ഭൂമി തദ്ദേശ സ്ഥാപനത്തിന് നല്‍കാവുന്നതാണെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ ശിപാര്‍ശ ചെയ്തിരുന്നു.