ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിധവക്ക് വിലക്കേര്‍പ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിധവ പ്രാര്‍ഥിച്ചാല്‍ ക്ഷേത്രത്തിന് കളങ്കമുണ്ടാകുമെന്നാണ് ചിലരുടെ അഭിപ്രായം. പരിഷ്‌കൃത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണതെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു. ഈറോഡ് ജില്ലയിലെ നമ്പിയൂര്‍ താലൂക്കിലെ പെരിയകാരുപരായന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തനിക്കും മകനും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തങ്കമണി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് കോടതിയുടെ നിരീക്ഷണം.
ആഗസ്റ്റ് ഒമ്പതിനും 10നും ക്ഷേത്രത്തില്‍ നടക്കുന്ന ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് തങ്കമണിയുടെ ആവശ്യം. ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു സ്ത്രീയുടെ മരണപ്പെട്ട ഭര്‍ത്താവ്. വിധവയായതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇക്കാര്യം കാണിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികരണം ലഭ്യമല്ലാത്തതിനാലാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.