കൊച്ചി: തരം മാറ്റുന്ന ഭൂമിയുടെ വിസ്തീര്‍ണം എത്രയായാലും ആദ്യ 25 സെന്റിന് സൗജന്യം നല്കി പിന്നീടുള്ള അധിക വിസ്തീര്‍ണത്തിന് മാത്രം ഫീസീടാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം. ഇടുക്കി തൊടുപുഴ കാരിക്കോട് സ്വദേശിയുടെ 36.65 സെന്റ് (14.45 ആര്) സ്ഥലം തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
ആദ്യ 25 സെന്റ് ഭൂമി സൗജന്യമായും അതില്‍ അധികമുള്ള ഭൂമിക്ക് മാത്രം ഫീസ് ഈടാക്കുകയും ചെയ്താല്‍ മതിയെന്ന സിംഗിള്‍ ബെഞ്ച് വിധി ശരിവച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. വര്‍ഷങ്ങളായി തരിശുകിടക്കുന്ന പരാതിക്കാരിയുടെ ഭൂമി റവന്യൂ രേഖകളില്‍ ‘നിലം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഡേറ്റാ ബാങ്കില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ അപേക്ഷ പരിഗണിച്ച് ഭൂമി ഡേറ്റാ ബാങ്കില്‍ നിന്നൊഴിവാക്കി 2021 ജനുവരി 30ന് ഉത്തരവിറക്കുകയും ചെയ്തു. മുഴുവന്‍ ഭൂമിയുടെയും തരംമാറ്റത്തിനായി 1,74,814 രൂപ ഫീസിനത്തില്‍ അടയ്ക്കണമെന്ന് നിര്‍ദേശിച്ച് ഇടുക്കി ആര്‍ഡിഒ നോട്ടീസ് അയച്ചു. എന്നാല്‍ തരം മാറ്റുന്നതിനുള്ള ഫീസ് പുനര്‍നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.