ന്യൂഡൽഹി: ക്ലബ്ബ് ഹൗസ് മൊബൈൽ ആപ്പിലൂടെ മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിച്ച് ചർച്ച നടത്തുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിൽ ഡൽഹി പോലീസ് ചോദ്യംചെയ്തവരിൽ മലയാളി പെൺകുട്ടിയും. കോഴിക്കോട് സ്വദേശിനിയായ യുവതിയെയാണ് ചോദ്യംചെയ്തതെന്നാണ് വിവരം. പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്ബ് ഹൗസിൽ ചർച്ച നടത്തിയ സംഭവത്തിൽ ആറ് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയ ലഖ്നോ സ്വദേശിയായ പതിനെട്ടുകാരനെ ഡൽഹി പോലീസ് സൈബൽ സൈൽ കസ്റ്റഡിയിലെടുത്തിരുന്നു.
ബിരുദ വിദ്യാർഥിയായ പതിനെട്ടുകാരൻ വ്യാജ പേരുകളിലാണ് ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയത്. ഇയാളുടെ പിതാവ് സൈനിക സ്കൂളിലെ അക്കൗണ്ടന്‍റാണ്. ക്ലബ് ഹൗസിൽ ഒരു ഓഡിയോ ചാറ്റ്റൂം ഉണ്ടാക്കാൻ മറ്റൊരാൾ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പതിനെട്ടുകാരൻ ചോദ്യം ചെയ്യലിനിടെ പോലീസിനോട് വെളിപ്പെടുത്തി. ക്ലബ് ഹൗസിലെ ചർച്ചകൾ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ‘സുള്ളി ഡീൽ’, ‘ബുള്ളി ബായ്’ ആപ്പുകൾക്ക് പിന്നാലെയാണ് ക്ലബ് ഹൗസിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയത്. ‘മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ്’ എന്ന തലക്കെട്ടിൽ ക്ലബ് ഹൗസിൽ ചർച്ച സംഘടിപ്പിച്ചാണ് ലൈംഗികാധിക്ഷേപം നടത്തിയത്.
വിഷയത്തിൽ സ്വമേധയ ഇടപെട്ട ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ചർച്ചയിൽ പങ്കെടുത്തവർ മുസ്‌ലിം പെൺകുട്ടികൾക്കുമെതിരെ അപകീർത്തികരവും അശ്ലീലവുമായി പരാമർശങ്ങൾ നടത്തുന്നത് വ്യക്തമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും സ്വാതി മലിവാൾ പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ ‘ക്ലബ് ഹൗസ്’ ചാറ്റിൽ മുസ് ലിം സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പോലീസ് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പോലീസിൽ പരാതിനൽകിയത്.