ആറാട്ടുപുഴ: സുഹൃത്തുക്കളോടൊപ്പം വള്ളത്തില്‍ പോയ യുവാവിനെ കായലില്‍ വീണ് കാണാതെയായി. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജു ഭവനത്തില്‍ ഷിബുവിന്റെ മകന് ഷിബിനെയാണ് (അപ്പൂസ് -21) കാണാതായത്. രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട കള്ളിക്കാട് പുല്ലുകാട്ടില്‍ കിഴക്കതില്‍ മധുവിന്റെ മകന് മഹേഷിനെ (20) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം ആറരയോടെ വെട്ടത്ത് കടവ് കിഴക്കേക്കര ജെട്ടിക്ക് വടക്കുഭാഗത്താണ് സംഭവം. എന്‍.ടി.പി.സിയുടെ സോളാര്‍ പാനല്‍ കാണാന്‍ വേണ്ടിയാണ് പടിഞ്ഞാറേക്കരയില്‍ നിന്നും നാല്‍വര്‍ സംഘം അക്കരയില്‍ പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കള്ളിക്കാട് കൊച്ചുപറമ്പില്‍ വിഷ്ണു (18), വട്ടച്ചാല്‍ പുതുമംഗലത്ത് സൂര്യ (21) എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വള്ളത്തില്‍ നില്ക്കുമ്പോള് ഷിബിന്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. മണ്ണെടുത്തതിനെ തുടര്‍ന്ന് ആഴം ഏറെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.