നെടുമങ്ങാട് : കോവിഡ് മൂന്നാംതരംഗത്തിൽ ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾക്ക് വീണ്ടും താഴുവീണു. ഈ വർഷം ഇത് മൂന്നാം തവണയാണ് പൊന്മുടിയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൂട്ടുന്നത്. ഇതോടെ ഇവിടങ്ങളിൽ പണിയെടുത്തിരുന്ന താൽകാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. ഇവരുടെ ജീവിതം പട്ടിണിയിലായി. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലായി 750-ലധികം തൊഴിലാളികളാണ് തൊഴിൽരഹിതരായത്. പൊന്മുടി, മങ്കയം, പേപ്പാറ, വാഴ്വാന്തോൽ, വരയാട്ടുമുടി, ശംഖിലി തുടങ്ങി ജില്ലയിലെ ഇക്കോടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ അടച്ചത്.
എന്നാൽ കർശന നിയന്ത്രണത്തോടെ അഗസ്ത്യകൂടത്തിലേക്ക് യാത്ര നടത്തുന്നുണ്ട്. പ്രതിദിനം 50-പേരെയാണ് ട്രക്കിങ്ങിനായി കയറ്റിവിടുന്നത്. നേരത്തെ ഇത് 100 ആയിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അനുബന്ധ ജോലികളിൽ നിന്നും വരുമാനം കണ്ടെത്തിയിരുന്ന കുടുംബങ്ങളും കഷ്ടത്തിലായി. ടൂറിസ്റ്റ് കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കച്ചവടകേന്ദ്രങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ, വനവിഭവ കച്ചവടക്കാർ, ഐസ്ക്രീം കച്ചവടക്കാർ തുടങ്ങിയവരും ബുദ്ധിമുട്ടിലാണ്. വേളി, ആക്കുളം, ശംഖുംമുഖം, ശാസ്താംപാറ, കോട്ടൂർ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്ന സന്ദർശകർ മാത്രമാണ് ഇവിടെ വന്നുപോകുന്നത്.
ഞായറാഴ്ചകളിൽ ഈ കേന്ദ്രങ്ങളൊന്നും തുറക്കില്ല. ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവർ ഇതോടെ പ്രതിസന്ധിയിലായി. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ താൽകാലിക ജീവനക്കാരെല്ലാം ദുരിതത്തിലാണ്. ആദ്യകോവിഡ് കാലത്ത് ഒൻപതുമാസമാണ് ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടന്നത്. ഡിസംബർ അവസാനമാണ് വളരെ സമ്മർദങ്ങൾക്കൊടുവിൽ സന്ദർശകർക്കായി സൗന്ദര്യകേന്ദ്രങ്ങൾ തുറന്നുനൽകിയത്. നിലവിൽ സുരക്ഷയുടെ ഭാഗമായി പ്രതിമാസം ഒന്നോ, രണ്ടോ ദിവസത്തെ ജോലിയാണ് ജീവനക്കാർക്ക് കിട്ടിയിരുന്നത്. ഈ വരുമാനത്തിൽ കുടുംബങ്ങൾ പോറ്റാനാകാതെ കഷ്ടപ്പെടുമ്പോഴാണ് കോവിഡിന്റെ മൂന്നാംവരവിൽ വിനോദകേന്ദ്രങ്ങൾക്ക് വീണ്ടും താഴുവീണത്.