ബംഗളൂരു: ഒടുവിൽ നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്കും നെലമംഗലയിലേക്കും ബി.എം.ടി.സി ബസ് സർവിസ് തുടങ്ങിയതോടെ ഗതാഗതകുരുക്കിൽ പെടാതെ യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷ. ഇലക്ട്രോണിക് സിറ്റി, തുമകുരു റോഡ്, മൈസൂരു റോഡ്, ബെന്നാർഘട്ടെ റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് നൈസ് റോഡ്. ഇതിലൂടെ സഞ്ചരിച്ചാൽ ഗതാഗതക്കുരുക്ക് ഏറെ കുറയും. നിലവിൽ രാവിലെയും വൈകീട്ടും ഓരോ സർവിസുകൾ വീതമാണ് ഓടിക്കുന്നത്.
നൈസ് റോഡിലൂടെ ആരംഭിച്ച ബി.എം.ടി.സി നോൺ എസിബസ് സർവിസ് വിവരങ്ങൾ:
റൂട്ട് നമ്പർ നൈസ് 5 എ: സുമനഹള്ളി-ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് (പാപ്പാ റെഡ്ഡി പാളയ, കെങ്കേരി കെ.എച്ച്.ബി ക്വാർട്ടേഴ്സ്, മൈസൂരു റോഡ് നൈസ് ടോൾ, കനക്പുര റോഡ് നൈസ് ടോൾ, ഇലക്ട്രോണിക് സിറ്റി നൈസ് ടോൾ വഴി) രാവിലെ 7.30ന് സുമനഹള്ളിയിൽ നിന്നും വൈകീട്ട് ഏഴിന് ഇലക്ട്രോണിക് സിറ്റിയിൽ നിന്നും പുറപ്പെടും.
റൂട്ട് നമ്പർ നൈസ് 8: നെലമംഗല -ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് (മദനായകനഹള്ളി, മാധവാര, മാഗഡി റോഡ് നൈസ് ടോൾ, മൈസൂരു റോഡ് നൈസ് ടോൾ, കനക്പുര റോഡ് നൈസ് ടോൾ, ഇലക്ട്രോണിക് സിറ്റി നൈസ് ടോൾ വഴി). രാവിലെ 8.30ന് നെലമംഗലയിൽ നിന്നും വൈകീട്ട് 5.30ന് വിപ്രോ ഗേറ്റിൽ നിന്നും പുറപ്പെടും.
2013ൽ ഇലക്ട്രോണിക് സിറ്റിയിൽനിന്ന് വിജയനഗറിലേക്ക് നൈസ് റോഡ് വഴി ബി.എം.ടി.സി എ.സി ബസ് സർവിസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കുകയായിരുന്നു. നൈസ് റോഡിന്റെ സമീപമേഖലകളിൽ പാർപ്പിട സമുച്ചയങ്ങൾ ഏറെ വന്നെങ്കിലും പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളിൽ പലപ്പോഴും അപകടകരമായാണ് മിക്കവരും സഞ്ചരിക്കുന്നത്. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് റോഡ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള 41 കിലോമീറ്റർ വരുന്ന നൈസ് റോഡ് 1996ലാണ് ഉദ്ഘാടനം ചെയ്തത്.