ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നകാര്യത്തിൽ അവധിദിനങ്ങളുടെ പേരുപറഞ്ഞ് മെല്ലെപ്പോക്ക്. സൂറത്ത് കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്ത ദിവസം രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടേറിയറ്റ്, സുപ്രീംകോടതി വിധി വന്നപ്പോൾ അതേ വേഗത കാണിച്ചില്ല.ശനിയാഴ്ചയും അയോഗ്യത നീക്കുന്നതിൽ നടപടിയൊന്നും ഉണ്ടായില്ല. സുപ്രീംകോടതി വിധിവന്ന വെള്ളിയാഴ്ചതന്നെ കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയെ കണ്ട് എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് തന്റെ ഓഫിസിൽ കിട്ടിയശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച രാത്രി സുപ്രീംകോടതി ഉത്തരവ് കിട്ടിയപ്പോൾ അധീർ രഞ്ജൻ സ്പീക്കറെ വിളിച്ച് കൂടിക്കാഴ്ചക്ക് സമയംതേടി.
–
സുപ്രീംകോടതി വിധിപ്പകർപ്പും എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസ് പാർട്ടിയുടെ കത്തും കൈമാറുന്നതിന് വേണ്ടിയായിരുന്നു ഇത്. ശനിയാഴ്ചയാകട്ടെ എന്ന മറുപടിയാണ് ലഭിച്ചത്.ശനിയാഴ്ച രാവിലെ അദ്ദേഹം വീണ്ടും സ്പീക്കറെ വിളിച്ചു. രേഖകൾ ലോക്സഭ സെക്രട്ടറി ജനറലിന്റെ ഓഫിസിൽ ഏൽപിക്കാനായിരുന്നു മറുപടി. സെക്രട്ടറി ജനറലിനെ അധീർ രഞ്ജൻ വിളിച്ചു. ശനിയാഴ്ച ഓഫിസ് അവധിയാണെന്നായിരുന്നു വിശദീകരണം. അടിയന്തര സന്ദർഭങ്ങളിൽ അവധി നോക്കാതെ കത്ത് വാങ്ങാൻ ഒരു സംവിധാനം ഉണ്ടാവില്ലേ എന്നായി അധിർ രഞ്ജൻ ചൗധരി.സ്പീക്കർക്കുള്ള കത്തുമായി ആരെയെങ്കിലും അയച്ചാൽ മതിയെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. തൊട്ടുപിന്നാലെ ബന്ധപ്പെട്ട രേഖകൾ അടങ്ങുന്ന കവർ അധീർ രഞ്ജൻ ചൗധരി ദൂതൻ വശംകൊടുത്തയച്ചു. രാഹുലിനെ മാർച്ചിൽ അയോഗ്യനാക്കിയ വിജ്ഞാപനം, സുപ്രീംകോടതി വിധിപ്പകർപ്പ്, എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സഭാനേതാവെന്ന നിലയിൽ അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് നൽകുന്ന കത്ത് എന്നിവയായിരുന്നു കവറിൽ. ലോക്സഭ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി കത്ത് സ്വീകരിച്ചതായി മറുപടിക്കത്ത് നൽകി. ഈ കത്തിൽ അണ്ടർ സെക്രട്ടറിയുടെ ഒപ്പുണ്ടെങ്കിലും സീൽ പതിച്ചിട്ടില്ല.കത്ത് സ്വീകരിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ശനി, ഞായർ എന്നീ അവധിദിവസങ്ങൾ കഴിഞ്ഞ് പാർലമെന്റ് വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയെങ്കിലും നടപടി ഉണ്ടാകുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ചക്കെടുക്കുന്നത് ചൊവ്വാഴ്ചയാണ്. അതിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് ശ്രമം. എന്നാൽ, സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന സംശയത്തിലാണ് കോൺഗ്രസ്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് കോടതി വിധിവന്ന് രണ്ടു മാസത്തിനു ശേഷമാണ് എം.പി സ്ഥാനം തിരിച്ചുനൽകിയത്.