ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റോടെ പാക് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കും വലിയ സാന്പത്തിക പ്രതിസന്ധിക്കും ഇടയിൽ ആണ് പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പാക്കിസ്ഥാൻ പാർലമെന്റ് ഈ മാസം ഒൻപതിനു പിരിച്ചുവിമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രഖ്യാപിച്ചതോടെ വരുന്ന നവംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്നും ഉറപ്പായി.
ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസും ഒന്നിച്ചുതന്നെ സഖ്യമായി തെരഞ്ഞെടുപ്പ് നേരിടും. തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മത്സരിക്കാൻ അയോഗ്യനായ ഇമ്രാൻ ഖാന്റെ അടുത്ത നീക്കം എന്ത് എന്നതാണ് ഇനിയുള്ള ആകാംക്ഷ. ഇമ്രാൻഖാൻ നയിക്കുന്ന തെഹ്‌രീകെ ഇൻസാഫ് പാർട്ടി അധികാരത്തിൽ എത്തുന്നത് തടയാൻ തെരഞ്ഞെടുപ്പിൽ പാക് പട്ടാളം ഇറങ്ങി കളിക്കും എന്ന സൂചന നേരത്തെ തന്നെ ഉയർന്നിരുന്നു.
ഇപ്പോൾ കോടതി തന്നെ അയോഗ്യനാക്കിയതോടെ ഇമ്രാൻറെയും തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെയും ഗതി എന്താകുമെന്ന് കണ്ടറിയണം. കാലാവധി പൂർത്തിയാക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെ ആണ് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഇതും ചെറിയൊരു സൂത്രപ്പണി ആണ്. പാക് ഭരണഘടന പ്രകാരം കാലാവധി പൂർത്തിയാക്കി പാർലമെന്റ് പിരിഞ്ഞാൽ അറുപത് ദിവസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണം. എന്നാൽ കാലാവധി പൂർത്തിയാക്കാതെ പിരിഞ്ഞാൽ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാൽ മതി.
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന പാകിസ്ഥാൻ തെരഞ്ഞെടുപ്പു ചെലവിന് ഇനി ആരിൽ നിന്ന് കടം വാങ്ങണം എന്ന ആലോചനയിൽ ആണ്. അതുകൊണ്ടുതന്നെ ഒരു മാസമെങ്കിൽ ഒരു മാസം അധികം കിട്ടട്ടെ എന്ന ചിന്തയിലാണ് കാലാവധിക്കും മൂന്നു ദിവസം മുൻപേ പാർലമെന്റ് പിരിച്ചു വിടുന്നത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി നേരിട്ടതോടെയാണ് പാക് രാഷ്ട്രീയം ചോദ്യചിഹ്നത്തിലായത്. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അഞ്ച് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.