മസ്കത്ത്: ഈജിപ്തിൽ ഉൽപാദിപ്പിക്കുന്ന സനാബൽ ബ്രാൻഡിന്റെ വെണ്ടയുടെ പാക്കറ്റിൽ അണുബാധ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ, ഗുണനിലവാര കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തണുപ്പിച്ച് സൂക്ഷിക്കുന്ന ഉൽപന്നത്തിൽ അണുബാധയുള്ളതായി ഗൾഫ് റാപ്പിഡ് മുന്നറിയിപ്പ് സംവിധാനം വഴി വിവരം ലഭിച്ചതിനെ തുടർന്നാണ് കേന്ദ്രം അറിയിപ്പ് നൽകിയത്.
പ്രാണികളുടെ സാന്നിധ്യം കാരണമുണ്ടായ അണുബാധയാണ് കണ്ടെത്തിയിരിക്കുന്നത്. സനാബൽ ബ്രാൻഡിന്റെ ബി.കെ3006എൻ.എ എന്ന ബാച്ചിലെ ഉൽപന്നങ്ങൾക്ക് മാത്രമാണ് പ്രശ്നം കണ്ടെത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തിന്റെ മുഴുവൻ അതിർത്തികൾ വഴിയും ഉൽപന്നം ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അണുബാധയേറ്റ ഉൽപന്നങ്ങൾ പ്രാദേശിക വിപണികളിൽനിന്ന് ഒഴിവാക്കാനും വിൽപന തടയാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ വാങ്ങിയ ഉൽപന്നം ഉപയോഗിക്കുന്നതിൽനിന്ന് എല്ലാ ഉപഭോക്താക്കളും വിട്ടുനിൽക്കണമെന്നും അറിയിപ്പിൽ ആവശ്യപ്പെട്ടു.